ചരിത്രത്താളുകളിൽ പുല്ലാര

     പൈതൃക പ്രതാപങ്ങളുടെ സ്വന്തം നാട്, നീലാകാശത്തിന് കീഴെ ചുറ്റും മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും പഴവർഗ്ഗങ്ങൾ സുലഭമായികുലച്ചു നിൽക്കുന്ന തോട്ടങ്ങളും ഹരിതവർണമണിഞ്ഞ തെങ്ങിൻ തോപ്പുകളും തല കുലുക്കിയാടുന്ന കമുങ്ങിൻ കൂട്ടങ്ങളും തിങ്ങി നിൽക്കുന്ന സുന്ദര കാഴ്ചകൾ ഈ നാടിൻറെ പ്രതേകതകളായിരുന്നു ,
പുല്ലാരയിൽ നിന്ന് നോക്കിയാൽ നടപ്പാതകൾക്കിരുവശവും ഒന്നര കിലോമീറ്ററുകളോളം നീളത്തിൽ കണ്ണെത്താതെ നീണ്ട് കിടന്നിരുന്ന നെല്പാടങ്ങളുടെ താരുണ്യമാർന്ന ചിത്രങ്ങൾ അടർത്തിമാറ്റാൻ കഴിയാത്ത ചാരുതയാർന്ന ഒരനുഭൂതിയായി ഇന്നും നമ്മുടെ അകക്കണ്ണുകളിൽ തങ്ങി നില്കുന്നു
പൂട്ടുകാളകളും കൊഴുത്തു സ്ത്രീകളും കളപറിക്കുന്ന കുട്ടികളും ഇളകിയ ചേറിൻറെ വാടയും പുതു നെല്ലിന്റെ ഗന്ധവും കൊതിയൂറുന്ന നൊമ്പരങ്ങളായി നമുക്കുള്ളിൽ ഇപ്പോഴും കൂടുകെട്ടികൂടുന്നുണ്ട് , നെല്ലും കപ്പയും വാഴയും എള്ളും വിളഞ്ഞു നിൽക്കുന്ന വയലോര ചിത്രങ്ങൾ ഒരു കാലത് പുല്ലാരയുടെ മേൽവിലാസമായിരുന്നു
തിളച്ച മണ്ണിൽ വീണ കർഷകന്റെ വിയർപ്പു മുത്തുകളാണ് നമുക്കിത്ര സൗരഭ്യം പകർന്നത് ഉഴുത ചേറിൽ  വിരിഞ്ഞ വിളവിന്റെ പ്രൗഢിയാണ് നമ്മുടെ കണ്ടങ്ങളിലോടുന്ന ചുടു ചോരക്കിത്ര കരുത്തു പകര്ന്നത്

വികസന ചരിത്രം ...
 നൂറ്റാണ്ടുകളുടെ തഴക്കവും പ്രതാഭവും പേറുന്ന നമ്മുടെ നാടിൻറെ ഉത്ഭവമോ ജനവാസ ആരംഭമോ വെക്തമല്ല കൃത്യമായചരിത്ര സൂക്ഷിപ്പോ
 ലിഖിത മായ രേഖകളോ മുദ്രണങ്ങളോ നാം കരുതിവെച്ചിട്ടുമില്ല പിന്നെ വാമൊഴികൾ തേടി പോവുകയെന്ന ശ്രമകരമായ ഒരു ദൗത്യം മാത്രമാണ് ഒരു ചരിത്രനേഷിയുടെ മുന്നിലുള്ള ഏക മാർഗം ഇത് കൊണ്ട് തന്നെ ഒരു പുരുഷായുസിന്റെ ഹൃസമായ കാലയളവിൽ നമ്മുടെ കാരണവന്മാർ പകർത്തിയെടുത്ത പരിമിതമായ വിവരങ്ങളും അവരോട് പൂർവ പിതാക്കൾ പങ്കുവെച്ച കൊച്ചു സ്മരണകളും പകരുന്ന പരിമിതമായ വിവരങ്ങൾ മാത്രമേ നമുക്ക് മുന്പിലോള്ളു വാമൊഴികളുടെ പരിമിതികളും പരാതീനതകളും ഉൾകൊണ്ട ഒരു ചരിത്രമെഴുത്ത് സമ്പൂർണമല്ലെന്ന് പറയേണ്ടതില്ലല്ലോ പക്ഷെ ഒരു നാടിൻറെ ചരിത്രം നമുക്ക് അപരിചിതമായത്പോലെ വരും തലമുറക്കും സംഭവിക്കരുതെന്ന അഭിവാക്ജയാണ് ഇവിടെ അക്ഷരങ്ങൾക്ക് ജീവൻ നൽകുന്നത് കാലത്തിനൊപ്പം കുതിച്ചോടിയ വികസന മുഖങ്ങളും അനുദിനം മാറ്റം കൈവരിച്ച പ്രാദേശിക ചരിത്രവുമാണ് നാടിന് അഴവിറക്കാനുള്ളത് ഏഴു പതിറ്റാണ്ടു മുൻപത്തെ പുല്ലാരയുടെ ചരിത്രം തീർത്തും ഭിന്നമായിരുന്നു ഇന്ന് നമുക്ക് മുൻപിലൂടെ വാഹനം ചീറിപ്പായുന്ന റബ്ബറൈസ്ഡ് റോഡുകളോ അങ്ങാടിയുടെ മുഖച്ഛായ മാറ്റിയ കോൺഗ്രീറ്റ് സൗധങ്ങളോ അന്നുണ്ടായിരുന്നില്ല നാടിൻറെ ജീവനാഡിയായ മഞ്ചേരി കോഴിക്കോട് റോഡ് തന്നെ ചെമ്മൺ പാതയായിരുന്നു ..

റോഡിനിരുവശവും കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ പച്ച പട്ടണിഞ് പ്രതാബത്തിന്റെ പൊലിമയും പകിട്ടും അടയാളപ്പെടുത്തുന്ന ആ ധന്യ ചിത്രങ്ങളോർക്കുമ്പോൾ തന്നെ ഹൃദ്യമായ ഒരനുഭൂതി കൈ വരുന്നുണ്ട് പാടങ്ങൾക്കിരുവശവും തെങ്ങും കവുങ്ങും വാഴയും ചേർന്ന ചെറിയ ഹരിത പടർപ്പുകൾ...
ഒരു കൂരക്കുള്ളിൽ നിറഞ്ഞു തുളമ്പുന്ന നിരവധി വയറുകൾക്ക് കത്തലടക്കാൻ ഗൃഹനാഥൻ പകൽമുഴുവനും മണ്ണിനോട് പടവെട്ടേണ്ടിയിരുന്നു
വർഷ പദം കനത്താൽ അന്ന് പുല്ലാരയിൽ പട്ടിണിയായിരുന്നു ആധിയും സന്തോഷവും ചേർന്ന സമ്മിശ്ര വികാരത്തോടെയാണ് കർഷകർ  മഴയെ വരവേറ്റത് വിത്തു വിതച്ചും ഞാറു നട്ടും പുതുമഴ കാത്തിരുന്ന കർഷകർ മഴ പരിധി വിടുന്നതോടെ നിസ്സഹായരായി മാറും ...ഋതു ഭേതങ്ങളുടെ ഭാഗ്യ പരീക്ഷണങ്ങളിൽ ബലിയാടായി ദുരിത കയകങ്ങളിൽ കയിഞ്ഞ നമ്മുടെ പൂർവ്വ പിതാക്കൾ ജീവിതത്തിലൊരിക്കൽ പോലും സുഖവായു ശ്വസിച്ചില്ല ...ദാരിദ്ര്യങ്ങളും പ്രയാസങ്ങളും അവരുടെ കൂടപ്പിറപ്പായിരുന്നു
അവരന്ന് കൊണ്ട വെയിലും സഹിച്ചു തീർത്ത ദുരിതങ്ങളും നെടുവീർപ്പുകളുമാണ് ഇന്ന് നാം അനുഭവിക്കുന്ന സുഖങ്ങളൊക്കെയും ...
മഴ സജീവമാകുന്നതോടെ പുല്ലാരപ്പാടം അക്ഷരാർത്ഥത്തിൽ പുഴയായി തീർന്നിരുന്നു പാടത്തിന്റെ വരമ്പുകളായിരുന്നു നാട്ടിന്പുറത്തുള്ളവർക്ക് അങ്ങാടിയിലെത്താൻ ഏക സഞ്ചാര പാത, പാറക്കല്ലുകൾ നിറഞ്ഞ ഇടവഴികളും നട്ടുച്ചയിലും ഇരുൾമുറ്റി ഭീതി പടർത്തുന്ന കുണ്ടനിടവഴികളുമായിരുന്നു അന്നത്തെ മറ്റു യാത്രാ വഴികൾ

കാർഷിക രംഗം ...


നെൽക്കൃഷിയായിരുന്നു അന്നത്തെ പ്രധാന ഉപജീവന മാർഗം അക്കാലത്തു ലഭ്യമായ സാധുതകൾ വെച്ച ബ്രഹത്തായി അവർ കൃഷി ചെയ്തു പാടവും പറമ്പും അവർ നെൽകൃഷിക്കായി അവർ ഉപയോഗപ്പെടുത്തി.
വെറും ജീവിധോപാതി എന്നതിനപ്പുറം കൃഷി അവർക്ക് മിച്ചമൊന്നും നൽകിയില്ല കച്ചവടം ചെയ്യാനോ സംഭരിച്ചു വെക്കാനോ ഒന്നും അവശേഷിക്കാറുമുണ്ടായിരുന്നില്ല. കർഷകരിലധികവും സ്വന്തമായി ഭൂമി കൈവശമില്ലാത്തവരായിരുന്നു പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു അവർ കൃഷി ഇറക്കിയിരുന്നത്
പാട്ട കൃഷി രീതിയായിരുന്നു അന്ന് നാട്ടിൽ സുലഭമായുണ്ടായിരുന്നത് കാരണം പുരാതന കാലം മുതൽ തന്നെ ജന്മിത്വം നാട്ടിലെ ഒട്ടുമിക്ക ഭൂമിയും വല വീശിപിടിച് ഉടമപെടുത്തിയിരുന്നു  നിലമ്പൂർ കോവിലകം ,മഞ്ചേരി കോവിലകം,മൊടപ്പിനാപള്ളി  എന്നിവ വകയുള്ള ജന്മി ഭൂമികളായിരുന്നു നമ്മുടെ നാട്ടിലുണ്ടായിരുന്നത്. ഇത്തരം ഭൂമികളിൽ അവർ നിർണയിക്കുന്ന ഭീമാകാരമായിരുന്ന പട്ടത്തുകയോട് പൊരുത്തപ്പെട്ട് കൃഷിയിറക്കി അവർ വെച്ച് നീട്ടുന്ന തുച്ഛമായ പ്രതിഫലങ്ങളിൽ പൊരുത്തപ്പെടുക മാത്രമായിരുന്നു അവരുടെ മുന്പിലുണ്ടായിരുന്ന ഏക പോംവഴി ,അത് കൊണ്ട് അവർ എന്നും പരമ ദരിദ്രരായി ജീവിച്ചു പോന്നു.ജന്മികളുടെയും മുതലാളിമാരുടെയും മുന്നിൽ തല കുനിക്കാൻ മാത്രമേ ഇവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളു ,തങ്ങളുടെ അവകാശങ്ങളോ അർഹതകളോ ഒട്ടും ബോധ്യമില്ലാത്ത ഇക്കൂട്ടരെ മുതലാളിമാർ ആവതും ചൂഷണം ചെയ്തു സ്വന്തം നിലനിൽപ്പും ജീവിതവും ഇവരുടെ കനിവിന്റെ കാൽചുവട്ടിലായതിനാൽ അവർ സഹിച്ചും ക്ഷമിച്ചും നാളുകളെണ്ണി തീർത്തു .

അത്താണികൾ...

പഴയ കാല ജനങ്ങളുടെ ജീവിതത്തിൽ അത്താണികളുടെ പങ്ക് മഹത്തരമാണ് . കല്ല് കൊണ്ട് നിർമിക്കപ്പെട്ട ഈ തറ വലിയ വൃക്ഷച്ചുവട്ടിലോ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലോ ആയിരുന്നു സ്ഥാപിക്കപ്പെട്ടിരുന്നത്.കിലോമീറ്ററുകൾകൾക്കപ്പുറത്തു നിന്നും ദുര്ഘടമായ വഴികളിലൂടെ തലചുമടുമായി വരുന്നവർക്ക് ആശ്വാസ കേന്ദ്രമായിരുന്നു ഇവ .പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത്  മടങ്ങുന്ന കർഷകർ,പച്ചക്കറികളും മറ്റും തലയിലേറ്റി വരുന്ന ചുമട്ടുകാർ  അവർക്കൊന്ന് വിശ്രമിക്കാൻ ,ഭാരമിറക്കി വെക്കാൻ ആശയങ്ങളും ആശങ്കകളും പരസ്പരം പങ്ക് വെക്കാൻ തുടങ്ങിഒരു ജനതയുടെ അഭയ കേന്ദ്രമായിരുന്നു ഇത്തരം അത്താണികൾ
വികസന പ്രവർത്തനങ്ങൾക്കായി പല സ്ഥലങ്ങളിലും ഇവ പൊളിച് നീക്കി ,നമ്മുടെ നാട്ടിൽ ഇത്തരം രണ്ട് അത്താണികളുണ്ടായിരുന്നു പുല്ലാര അങ്ങാടിയിൽ ഹോട്ടൽ ജമീലക്ക് സമീപം ഒന്നും മേൽമുറി അങ്ങാടിയിൽ മറ്റൊന്നും.തടപ്പറമ്പ് ,കല്ലച്ചാൽ ,പൈക്കാട് എന്നിവടങ്ങളിൽ നിന്ന് പച്ചക്കറികളും കിഴങ്ങുകളും മറ്റും ചന്തയിലേക്ക് കൊണ്ടുപോകുന്ന ചുമട്ടുകാർ വിശ്രമിച്ചിരുന്നത് ഇവിടങ്ങളിലായിരുന്നു.പഴയ കാല ചുമട്ടു തൊഴിലാളിയായിരുന്ന ഡ്രൈവർ അലവി കാക്കയാണ് മേൽമുറി അത്താണിയുടെ ശില്പി,കായിക,മത, ദേശ,അന്തർദേശീയ വിഷയങ്ങൾ ചർച്ചാ വേദിയായി അത് ഇന്നും നിലനിൽക്കുന്നു.പുല്ലാര അങ്ങാടിയിലുണ്ടായിരുന്നത് റോഡ് വികസനത്തിന്റെ പേരിൽ പൊളിച്ചൊഴിവാക്കുകയുണ്ടായി

നാണയ വ്യവസ്ഥ.....

സാധനങ്ങൾ തമ്മിലുള്ള പരസ്പര കൈമാറ്റങ്ങൾ തന്നെ യായിരുന്നു ആദ്യകാല പ്രധാന വ്യവഹാര രീതി
സാദങ്ങളുടെ മൂല്യ വ്യത്യാസങ്ങളും ലഭ്യതയും കണക്കാക്കുമ്പോൾ ഈ വ്യവസ്ഥ അപര്യാപ്തമായതിനാൽ പിൽ്കാലത് നാണയ വ്യവസ്ഥ സജീവമായി,എങ്കിലും കാർഷികാവശ്യങ്ങൾക്ക് വിളകൾ തന്നെയായിരുന്നു പ്രതിഫലമായി ഉപയോഗിച്ചിരുന്നത് .കൊയ്ത്തുകാർക്ക് 12 പറക്ക് ഒരു പറ തേങ്ങാ പറിക്കാര്ക്ക് 4 തെങ്ങിൻ 1  തേങ്ങാ എന്നീ നിരക്കുകളായിരുന്നു മുന്കാലത് നമ്മുടെ നാട്ടിലെ പ്രതിഫല വ്യെവസ്ഥ.






കാൽപൈസ ,മുക്കാൽ,ഓട്ടമുക്കാൽ ,അണ,നയാപൈസ ,അരക്കാൽ ,കാൽ ,50 പൈസ,വെള്ളിക്കാശ് എന്നിവയായിരുന്നു പലകാലങ്ങളായി പരിഷ്കരിച്ച പ്രധാന നാണയങ്ങൾ...

 ഗതാഗതം 
കാൽനടയാത്രയായിരുന്നു  പ്രധാന സഞ്ചാര മാർഗം നടക്കാൻ അന്ന് ആളുകൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല കോഴിക്കോട്ടേക്കും മഞ്ചേരിയിലേക്കും മലപ്പുറത്തേക്കുമെല്ലാം നടത്തം തന്നെ .കാള വണ്ടികൾ സ്വകാര്യ വാഹനങ്ങളായി അപൂർവമായി ഉപയോഗിച്ചിരുന്നു.അലങ്കാരവും മോടിയും പിടിപ്പിച്ച കാള വണ്ടികൾ വലിയ തറവാട്ടുകാരുടെ പ്രൗഢി ചിഹ്നമായിരുന്നു ഇത്തരം വാഹനങ്ങൾ വാടകക്ക് നൽകുന്ന പതിവും
ഉണ്ടായിരുന്നു. പാച്ചത്ത് പടികുത്ത് ആലി കാക്ക, മുതിരിപറമ്പ് കുഞ്ഞമ്മത് കാക്ക തുടങ്ങിയവർ കാളവണ്ടി കൊണ്ട് നടന്നിരുന്ന പഴയ കാല  നാട്ടുകാരായിരുന്നു, പുല്ലാരയിലും പരിസര പ്രദേശങ്ങളിലും ഉല്പാദിപ്പിച്ചിരുന്ന തേങ്ങയും മറ്റു നാണ്യ വിളകളും  മഞ്ചേരി ചന്ദ ,നിലമ്പൂർ ,കോഴിക്കോട് എന്നിവടങ്ങളിലേക്ക് എത്തിച്ചിരുന്നത് ഇവരായിരുന്നു  7 രൂപയായിരുന്നു അവർക്ക് വണ്ടി മുതലാളിമാർ കൂലി കൊടുത്തിരുന്നത് ,യാത്രക് ആവശ്യമായ ഭക്ഷണവും അവർ കയ്യിൽ കരുതുമായിരുന്നു . മഞ്ചലും സവാരിയും ഉപയോഗിച്ചുള്ള യാത്രകളും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു .
1960,70 കാലഘട്ടത്തിൽ  അച്ചു നായർ ഓടിച്ചിരുന്ന  ഇന്ത്യൻ ബസ്സും, കൊരമ്പ ക്കാരുടെ M M  ബസ്സും,ജാനഗ്രാം  ബസ്സും വല്ലപ്പോഴുമൊക്കെ നമ്മുടെ നാട്ടിലൂടെ കടന്നു പോയി നടുവിൽ പുല്ല് മുളച് പൊങ്ങിയ ഒരു ഇടുങ്ങിയ ചെമ്മൺ പാതയായിരുന്നു അന്ന് മഞ്ചേരി കോഴിക്കോട് റോഡ് വളരെ വേഗത കുറഞായിരുന്നു ബസ്സുകൾ ഓടിയിരുന്നത് ഏകദേശം 3  മണിക്കൂർ സമയമെടുത്തായിരുന്നു മഞ്ചേരിയിൽ നിന്ന് കോഴിക്കോടേക്ക് എത്തിയിരുന്നത്,പിന്നീട് ആളുകൾ സൈക്കിളുകൾ ഉപയോഗിച്ചും യാത്രകൾ നടത്തുകയുണ്ടായി,സ്വന്തമായി സൈക്കിൾ ഇല്ലാത്തവർക്ക് വാടകക്ക് കൊടുക്കുന്ന ആളുകളും പുല്ലാരയിൽ  ഉണ്ടായിരുന്നു,ഹുസൈൻകുരിക്കൽ ,മൊയ്‌ദീൻ ഹാജി എന്നിവരൊക്കെ സൈക്കിൾ വാടകക്ക് കൊടുത്തിരുന്നു ഒരു മണിക്കൂറിന് 10 പൈസയായിരുന്നു വാടക ഈടാക്കിയിരുന്നത് .പിന്നീട്  പറകുത്ത് അധികേരിയുടെ വീട്ടിലും മറ്റും വാഹനങ്ങൾ കണ്ട് തുടങ്ങി അതിന് ശേഷം കാലത്തിൻറെ മാറ്റത്തിനൊപ്പം  പുല്ലാരയിലെ ഗതാകാതെ സംവിധാനത്തിലും മാറ്റങ്ങളുണ്ടായി

വാണിജ്യം

തിങ്ങി നിറഞ്ഞ കടകളും ശബ്ദ കോലാഹങ്ങളും നിറഞ്ഞ ഇന്നത്തെ പുല്ലാരയും ഏഴു പതിറ്റാണ്ട് മുമ്പത്തെ അങ്ങാടിയും തമ്മിൽ വളരെ വലിയ അന്തരമുണ്ട് .3 കടയും ഒരു മക്കാനിയും  മാത്രമായിരുന്നു അന്നുണ്ടായിരുന്നത് പുലികുത്ത് കുഞ്ഞഹമ്മദ് ഹാജി ,   ബീരാൻ കുട്ടികാക്ക ,  തൊരപ്പ അബ്ദുള്ളക്കുട്ടി കാക്ക,തയ്യിൽതൊടി മൊയ്‌തീൻകുട്ടി കാക്ക എന്നിവരായിരുന്നു ഉടമകൾ .ഇന്ന് തയ്യിൽതൊടി സ്റ്റോർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു മൊയ്തീൻകുട്ടി കാക്കയുടെ ചായ മക്കാനി .ഒരു മുക്കാലിന് ചായകിട്ടുന്ന അക്കാലത്തു ജനങ്ങളുടെ നാട്ടു ചർച്ചകളുടെ സംഗമ സ്ഥലം കൂടിയായിരുന്നു ഇത്തരം ചായ മെക്കാനികൾ .പള്ളിയുടെ പ്രവേശന കവാടത്തിനടുത് കച്ചവടം നടത്തിയിരുന്ന പുലികുത് ഹാജ്യാരുടെ സ്റ്റോർ തുണിത്തരങ്ങൾ മുതൽ ഒട്ടുമിക്ക അവശ്യ വസ്തുക്കളും ലഭിച്ചിരുന്ന ഒരു മിനി സൂപ്പർ മാർക്കറ്റായിരുന്നു പിന്നീട് പുരോഗതിയുടെ പാഥയിൽ പുല്ലാരയും മുന്നോട്ട് കുതിച്ചു, ഇന്ന് എല്ലാ അവശ്യ വസ്തുക്കളും ലഭിക്കുന്ന വിവിധ കച്ചവട സ്ഥാപനങ്ങൾ പുല്ലാരയിലുണ്ട്

ആവാസ രീതി 
  ടെറസു വീടുകൾ കേട്ടു കേൾവി മാത്രമായിരുന്ന അക്കാലത്ത് അധിക വീടും പുല്ല് മേഞ്ഞ ചെറിയ വീടുകളായിരുന്നു .ചെങ്കല്ലിനും ഇഷ്ടികക്കും പകരം മണ്ണ് കുഴച് ഉരുളകളാക്കിയുള്ള ചുമരുകളും അതിൽ ചെറിയ പഴുതും കിളി വാതിലുകളുമായിരുന്നു പുല്ലിന് പകരം ചിലപ്പോൾ വൈക്കോലുകളും വീട് മേയാൻ ഉപയോഗിച്ചിരുന്നു . കാലവര്ഷങ്ങള്ക്ക് മുന്നോടിയായി പുതുക്കി മെയ്ൽ ചടങ്ങും നടന്നിരുന്നു .ഓടിട്ട വീടുകൾ അന്ന് വളരെ വിരളമായിരുന്നു.പറക്കുത്ത് ,കരിക്കാട് ,അമ്പാളികുത്ത് നായർ വീട് എന്നിവ അത്തരം ഓടുമേഞ്ഞവയായിരുന്നു എല്ലായിടത്തും കൂട്ടുകുടുംബ രീതിയിലായയിരുന്നു താമസിച്ചിരുന്നത് .

കന്ന്പൂട്ടും   കാളപൂട്ടും
നമ്മുടെ നാടിൻറെ പഴയ കാല പ്രതാപങ്ങളിലെ പതിവ് കാഴ്ചയായിരുന്നു കന്ന് പൂട്ടുകാർ ,കലപ്പയും നുകവും തലയിലേറ്റിയ കർഷകരും അവർക്ക് മുന്നിലും പിന്നിലുമായി നടന്നു നീങ്ങുന്ന മൂരികളും ഓരോ ഇടവഴികളിലൂടെയും നടന്നു നീങ്ങി.
കാർഷികാവശ്യങ്ങൾക്ക് പുറമെ വർഷത്തിലൊരിക്കൽ കാള പൂട്ട് മത്സരവും പുല്ലാരയിൽ സംഘടിപ്പിച്ചിരുന്നു.പുല്ലാര മേൽമുറി റോഡിലെ ആദ്യ വളവിലെ വലിയ കണ്ടം എന്ന സ്ഥലത്തായിരുന്നു കാളപൂട്ട് മത്സരം നടന്നിരുന്നത്.അന്നത്തെ നാട്ടു പ്രമാണിയായിരുന്ന പറകുത്ത് പെരാപുരത്ത് വലിയ അധികാരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജിയാരായിരുന്നു അത് നടത്തിയിരുന്നത്.സമീപ പ്രദേശങ്ങളായ വള്ളുവമ്പ്രം ,വെള്ളൂർ ,അറവങ്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം മത്സര കാളകളുമായി ആളുകൾ വന്നിരുന്നു .(ഇന്നവിടെ ഞങ്ങൾ വീട് വെച്ചു സുഗമായി താമസിക്കുന്നു ☺)

കല്യാണങ്ങൾ 
മുഴുപട്ടിണിയും അരപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കിയിരുന്ന നമ്മുടെ പൂർവികർക്ക് കല്യാണം ഒരു വലിയ ആഘോഷം തെന്നെയായിരുന്നു. അവർക്ക് സുഭിക്ഷമായി ഉണ്ണാൻ പറ്റുന്ന അപൂർവം സന്ദർഭങ്ങളായിരുന്നു കല്യാണങ്ങൾ .നിലത്ത് വലിയ വട്ടത്തിൽ ഇല വിരിച് 8 ,10  ആളുകൾ ഒരേ തളികയിൽ നിന്ന് ഒരുമിച്ചായിരുന്നു  ഭക്ഷണം കഴിച്ചിരുന്നത്.രാത്രി കല്യാണങ്ങളായിരുന്നു അന്നത്തെ രീതി മഗ്‌രിബ് നിസ്കാരത്തിന് ശേഷം ആളുകൾ വന്ന് തുടങ്ങും ഇഷാ ഇന് ശേഷമാണ് പുതിയാപ്പള പുറപ്പെടൽ ,മിക്ക കല്യാണങ്ങളിലും കൈ കൊട്ട് പാട്ടുണ്ടാകും പാട്ടുകാരോടൊപ്പം പെട്രോമാക്സിന്റെയോ റാന്തലിന്റെയോ വെളിച്ചത്തിൽ നടന്നാണ് പുതിയാപ്പിള പോയിരുന്നത് വിവാഹനശനങ്ങൾക്ക് അന്ന് മുറ്റത്തെ വൈക്കോൽ കൂനകൾക്ക് വലിയ പങ്കുണ്ടായിരുന്നു. വീടിന് മുന്നിൽ പ്രതേക ആകൃതിയിൽ വെച്ച വലിയ വൈക്കോൽ കൂനയും തൊട്ടടുത്ത കാലിത്തൊഴുത്തും പ്രൗഢിയുടെ അടയാളമായിരുന്നു.ഈ രണ്ട് കാഴ്ച്ചയിൽ നിന്നും കുടുംബത്തിൻറെ സാമ്പത്തിക ഭദ്രത അനേഷകർ മനസ്സിലാക്കും.
 അന്നത്തെ സമ്പന്ന സ്ത്രീകൾ ഉപയോഗിച്ച ആഭരങ്ങൾ കല്ലുമണിമാല ,മുല്ലപ്പൂമാല,ചക്രമാല,സ്റ്റർമാല,കമ്മത്ത് ,മണിക്കാതില,മിന്നി ,ചിറ്റ്,ചങ്കേലസ്സ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുമായിരുന്നു

പ്രവാസം
അധ്വാനിച്ച പട്ടിണി കിടന്നവരായിരുന്നു നമ്മുടെ പൂർവികർ .വിട്ടുമാറാത്ത ദാരിദ്ര്യവും പട്ടിണിയും കാരണം കുടുംബനാഥന്മാർ പരിഹാര തീരം തേടി അലയാൻ തുടങ്ങി,പലരും മൈസൂരിലും ബാംഗ്ലൂരിലും വയനാട്ടിലുമെത്തി താൽകാലിക മോചനം കണ്ടെത്തി, അതിൽ ചിലരൊക്കെ അവിടെങ്ങളിൽ താമസമാക്കി , അറേബ്യൻ ഉപഭൂഖണ്ഡത്തിൽ എണ്ണ കണ്ടെത്തിയ കാലം മുതൽക്ക് തന്നെ മലയാളി മക്കൾ പുറം നാട്ടിലേക്ക് ചേക്കേറി തുടങ്ങി 1950  കളോടെ ഈ ഒഴുക്കിന് വേഗത കൂടി പേർഷ്യൻ ഗൾഫിന്റെ കുടിയേറ്റകാലം വന്നതോടെ കൂടുതലാളുകൾ പുറംനാട്ടിലേക്ക് പോകൽ തുടങ്ങി
 പുല്ലാരയുടെ ഗൾഫ് പ്രവാസ ചരിത്രത്തിന് 4 പതിറ്റാണ്ട് പഴക്കമുണ്ട് 1973 കാലഘട്ടങ്ങളിലാണ് നമമുടെ നാട്ടിൽ നിന്നുള്ള വിദേശ യാത്രകൾ ആരംഭിക്കുന്നത് .ഇന്നത്തെപോലെ നേരത്തെ ക്ലിപ്തപ്പെടുത്തിയ നിശ്ചിത ജോലിക്ക് പോകുന്ന പതിവില്ലായിരുന്നു അന്ന്. പലരും ഹജ്ജിനും ഉംറക്കും പോയി ജോലി തരപ്പെടുത്തലായിരുന്നു.കൈതക്കോടൻ മമ്മി ഹാജിയാണ് ആദ്യമായി നമ്മുടെ നാട്ടിൽ നിന്നും ഗൾഫിൽ പോയത്.
പത്തേമാരികളിലും ചരക്ക് കപ്പലുകളുമായിരുന്നു ആദ്യത്തെകാലത്ത് ഗൾഫ് യാത്രക്ക് ഉപയോഗിച്ചിരുന്നത് പിന്നീട് ബോംബെ എയർപോർട്ടായിരുന്നു ഒരു മാർഗം . പിന്നീട് 1988 ൽ കരിപ്പൂർ എയർപോർട്ട് വരികയും 1993 ൽ അന്തർ ദേശീയ സർവീസുകൾ  ആരംഭിക്കുകയും ചെയ്തതോടെ നമ്മുടെ നാട്ടിൻറെ പ്രവാസ സ്വപ്നങ്ങൾക്ക് വലിയൊരു ആശ്വാസമായി .2006  ൽ  അന്താരാഷ്ട്ര പദവി ലഭിച്ചതോടെ പ്രവാസി മനസ്സ് കുളിരണിയിക്കപ്പെട്ടു.ഹ്രസ്വ  കാലത്തിനിടയിൽ സാമ്പത്തിക സാംസ്‌കാരിക സാമൂഹിക രംഗത്ത് ഗൾഫ് തീർത്ത മാറ്റങ്ങൾ ചില്ലറയല്ല. കൃഷിയിൽ നിന്നുള്ള ചെറിയ വരുമാനം കണ്ട് പരിചയമുള്ള പുല്ലാരക്കാരുടെ കരങ്ങളിൽ ഗൾഫ് പണക്കെട്ട് വന്ന് ചേർന്നപ്പോൾ നമ്മുടെ നാട് ഒരു വലിയ മാറ്റത്തിന് വിധേയമായി.
തീ പുകയാത്ത വീടുകളിൽ ഭക്ഷണം ബാക്കി വന്ന് ഓടകളിലൂടെ ഒലിക്കാൻ തുടങ്ങി, പട്ടിണി നടുവൊടിച്ചവർ തടിച്ചു കൊഴുത്ത് കൊളസ്‌ട്രോളിന്റെയും ഷുഗറിന്റെയും അടിമകളായി. ചോർന്നൊലിക്കുന്ന ചെറ്റപ്പുരകൾ മാറി കോൺഗ്രീറ്റ് കൊട്ടാരങ്ങൾക്ക് വഴി മാറി കൊടുത്തു.കാലണകൾക്ക് വേണ്ടി മോഹിച്ചവരുടെ കയ്യിൽ ഗാന്ധിത്തലകൾ കുമിഞ്ഞു കൂടി. ഇന്ന് ഏകദേശം 180  ഓളം പുല്ലാരക്കാർ  രാജ്യങ്ങളിൽ സൗദിഅറേബ്യ,യു എ  ഇ,ഖത്തർ,കുവൈറ്റ്,ബഹ്‌റൈൻ,മലേഷ്യ തുടങ്ങിയ  രാജ്യങ്ങളിൽ  പ്രവാസ ജീവിതം നയിക്കുന്നുണ്ട്
 വ്യാപാര സ്ഥാപനങ്ങളും വ്യവസായങ്ങളും തിങ്ങി നിറഞ് അങ്ങാടികൾ വികസിച് തുടങ്ങി പൂർവ്വ പിതാക്കളുടെ വിയർപ്പുറ്റി വീണ് നനഞ്ഞ നെൽപ്പാടങ്ങൾ മണ്ണിട്ട് വീടുകൾ ഉണ്ടാക്കി.അരി മുഖ്യാഹാരമായി കഴിക്കുന്ന നാം അതിന് വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു.ധാന്യ വിളകൾക്ക് പകരം നാമിന്ന് നാണ്യ വിളകളെയാണ്  ഇഷ്ടപ്പെടുന്നത്.തൊഴിൽ മേഖലയിൽ വിദേശ വത്കരണം നടത്തി തൽഫലമായി തമിഴരും ബംഗാളികളും നമ്മുടെ നാടുകളിൽ നിറഞ്ഞു.ഇതോടൊപ്പം ഉന്നത  വിദ്യാഭാസവും സജീവമായി.ഗൾഫ് കുടിയേറ്റം നാട്ടിലെ ആൺ കേന്ദ്രീകൃത കുടുമ്പമെന്ന സംസ്കാരം മണ്ണടഞ്ഞു പോയി പകരം സ്ത്രീ കേന്ദ്രീകൃത കുടുംബങ്ങൾ നമ്മുടെ നാട്ടിൽ തലപൊക്കി തുടങ്ങി.പുരുഷൻ അന്യ നാട്ടിൽ പോയി പണിയെടുക്കുകയും സ്ത്രീകൾ പണം കൈകാര്യം ചെയ്യുന്നവരുമായി മാറി.ഇത്കൊണ്ട് തന്നെ കടിഞ്ഞാണിടാൻ ആളില്ലാത്തതിനാൽ ഗൾഫ് കുടുംബങ്ങളിലെ പുതു തലമുറ നിയന്ത്രണ രഹിതമായ സമൂഹമായി തീർന്നു,സുലഭമായി കിട്ടുന്ന ക്യാഷ് കൊണ്ട് സ്മാർട്ട് ഫോണുകളും ആഡംബര ബൈക്കുകളുമായി ചെത്തി നടക്കുന്ന ഫ്രീക്കന്മാർ അർദ്ധ രാത്രി വരെ പീടികത്തിണ്ണയിലും ചിലപ്പോൾ ബിവറേജുകൾക്കു മുന്നിലുമിരുന്ന് ജീവിതം ഹോമിക്കുന്നവരുമായി മാറി.

വിദ്യാഭ്യാസം

ആദ്യകാലങ്ങളിൽ തന്നെ പുല്ലാരയിൽ ഒത്തു പള്ളി സമ്പ്രദായം നിലവിൽ വന്നിരുന്നു ഈ കേന്ദ്രങ്ങളിലൂടെയായിരുന്നു നമ്മുടെ പൂർവീകർ പ്രധാനമായും വിദ്യ അഭ്യസിച്ചിരുന്നത്.മുഴു സമയ പഠിതാക്കളാകാൻ സൗകര്യപ്പെടാത്ത ഇളം പ്രായത്തിലുള്ളവർക്ക് പ്രാഥമിക മത വിദ്യ അഭ്യസിക്കാൻ സംവിധാനിക്കപെട്ട ഇടങ്ങളായിരുന്നു ഓത്തു പള്ളികൾ. വ്യവസ്ഥാപിത മദ്രസകൾ ഉണ്ടാകുന്നത് വരെ ഓത്തുപള്ളികളായിരുന്നു അടിസ്ഥാന ഇസ്ലാമിക വിദ്യാഭ്യാസത്തിന് കേരള സമൂഹം അവലംബിച്ചിരുന്നത്.മൊല്ലമാർ എന്നാണ് ഓത്തു പള്ളികളിലെ അദ്യാപകന്മാർ  അറിയപ്പെട്ടിരുന്നത് .നമ്മുടെ നാട്ടിലെ ഓത്തു പള്ളി നിലനിന്നിരുന്നത് രായിൻകുട്ടി മൊല്ലാക്ക തെന്റെ വീടിന്റെ സമീപത്തു നടത്തിയിരുന്നതായിരുന്നു.പള്ളിക്ക് സമീപം നടന്നിരുന്ന ഈ ഓത്തുപള്ളിയിൽ 60 ലേറെ വിദ്യാർത്ഥികൾ വിദ്യയുടെ മധു നുകർന്നു.പ്രധാനമായും ഖുർആൻ പാരായണമായിരുന്നു പഠനം ഒപ്പം നിസ്കാരവും മറ്റു അനുബന്ധ കാര്യങ്ങളും പഠിപ്പിച്ചു .ഇന്നത്തെ പോലെ കൃത്യമായ കരിക്കുലമോ വ്യവസ്ഥാപിത മൂല്യ നിർണയമോ അന്നുണ്ടായിരുന്നില്ല .നിശ്ചിത അളവിൽ മുറിച്ചെടുത്ത മരപ്പലകയിൽ കളിമണ്ണ് തേച് കഞ്ഞുണ്ണി ചെടി കൊണ്ട് മഷിയുണ്ടാക്കി അതിൽ മുളങ്കോൽ മുക്കിയായിരുന്നു എഴുതിയിരുന്നത്..അൽപ കാലങ്ങൾക്ക് ശേഷം കൈതക്കോടൻ മമ്മത് കാക്ക എന്നവർ തന്റെ കുടുംബത്തിലെ കുട്ടികളെ മത വിദ്യാഭ്യാസം നല്കാനായി വെള്ളൂരിൽ നിന്ന് അഹമ്മദ് കുട്ടി മുസ്ലിയാർ എന്നവരെ മേൽമുറിയിലേക്ക് കൊണ്ട് വന്നു പിന്നീട് അവിടം ഒരു ഓത്തുപള്ളിയായി.പാറാട്ട്തോടു വിലായിരുന്നു ഇത്.നിരവധി വിദ്യാർത്ഥികൾ അവിടെ പഠനം നടത്തി .കുറച്ചു കഴിഞ് ഈ ഓത്തുപള്ളി അക്കര മുഹമ്മദാജിയുടെ വീട്ടു വളപ്പിലേക്കും ശേഷം അഹമ്മദ് കുട്ടി മുസ്ലിയാരുടെ സ്വന്തം വീട്ടുവളപ്പിലേക്കും പിന്നീട് കപ്രകാടൻ മരക്കാർ ഹാജിയുടെ വീടിനടുത്തുള്ള കുളവക്കിലേക്കും ശേഷം ചെമ്പ്രമ്മൽ കൊയിലാണ്ടി എന്നറിയുന്ന ഭാഗത്തേക്കും മാറി അവിടെ നിന്ന് ഇപ്പോൾ പുല്ലാര മദ്രസ നിലനിൽക്കുന്ന സ്ഥലത്തേക്കും പ്രവർത്തനം മാറ്റി അതിന് ശേഷം മദ്രസ പ്രസ്ഥാനത്തിന് വഴി മാറി കൊടുക്കുകയും ചെയ്തു.പുല്ലാരയിലും മേൽമുറിയിലും മദ്രസകൾ ആരംഭിക്കാനുള്ള ചർച്ചകളും കൂടിയാലോചനകളും നടന്നു  തൽഫലമായി 1957  ൽ പുല്ലാര മദ്രസയും മേൽമുറി മദ്രസയും 1959  ൽ  മൂച്ചിക്കൽ മദ്രസയും നിലവിൽ വന്നു.മദ്രസ പഠനം കഴിഞ്ഞ  ശേഷം തുടർന്ന് കൂടുതൽ തുടർ പഠനം ആവശ്യമുള്ളവർക്ക് 1950 കാലഘട്ടം മുതൽക്ക് തന്നെ  പുല്ലാര ശുഹദാ മസ്ജിദിൽ ദർസ് സമ്പ്രദായവും നിലവിൽ വന്നു
  ബൗധിക  വിദ്യാഭാസം നേടുന്നതിനായി 1936 ൽ  വീമ്പൂർ സ്കൂളും 1950 ൽ പുല്ലാനൂർ സ്കൂളും 1976  ൽ പെരുങ്കുളം സ്കൂളും 2004 ൽ  PSM  ഇംഗ്ലീഷ് മീഡിയം സ്കൂളും പ്രവർത്തനം തുടങ്ങി.ഇന്ന് എല്ലാവിധ മത ബൗദ്ധിക വിദ്യാഭ്യാസം നേടാനുള്ള എല്ലാ സംവിധാനങ്ങളും നമ്മുടെ നാട്ടിൽ നിലവിലുണ്ട്

ആശയ വിനിമയ വാർത്താ സംപ്രേഷണം

നമ്മുടെ  പൂർവികരുടെ കാലത് ഒരു വിവരം അകലെയുള്ള ആളെ അറീകണമെങ്കിൽ ഒന്നുകിൽ അയാൾ പോയി പറയുക അല്ലെങ്കിൽ ഒരു ദൂതൻ മുകാന്തരം അറിയിക്കുക എന്നായിരുന്നു പതിവ്. ഇതിൽ നിന്നും ആദ്യം  വന്നത് ടെലിഫോൺ കണ്ട് പിടിച്ചതോടുകൂടിയാണ്.പുല്ലാരയിൽ ടെലിഫോൺ ഇറങ്ങി ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ അത് നിലവിൽ വന്നതായിട്ട് ചരിത്രം പറയുന്നു.ഏകദേശം 35 വർഷമായിരിക്കും (കൃത്യമായ വിവരം ശേഖരിക്കാൻ സാദിച്ചിട്ടില്ല).ഗൾഫ് നാട്ടിലേക്ക് പുല്ലാരക്കാർ ചേക്കേറൽ തുടങ്ങിയതോടെയാണ് ഇത് വ്യാപകമായത്.പണ്ട് 2,3 വീടുകളിലും അങ്ങാടിയിലെ ഒരു കടയിലും മാത്രമേ ഫോൺ സൗകര്യം ഉണ്ടായിരുന്നൊള്ളു.വിദേശ കോളുകളൊക്കെ ആദ്യകാലത്  ഇത്തരം സ്ഥലങ്ങലെക്കായിരുന്നു വന്നിരുന്നത്.ആദ്യം വിളിച് ഞാൻ വേറെ ഒരു സമയത് വിളിക്കുമെന്ന് വീട്ടുകാരെ അറിയികാൻ പറയും.ശേഷം വീട്ടുകാർ വന്നുകാണും എന്ന ഉദ്ദേശത്തിൽ വിളിച് സംസാരിക്കും  കാലത്തിനനുസൃതമായി പുല്ലാരയും പിന്നീട് പബ്ലിക്  ടെലിഫോൺ ബൂത്തുകൾ വരികയും ചെയ്തു ആളുകൾക് ഇഷ്ടാനുസരണം ഇവിടങ്ങളിൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയുണ്ടായി.പിന്നെ പ്രധാനമായും ലോക വിവരങ്ങൾ അറിഞ്ഞിരുന്നത് ചായക്കടയിലുണ്ടായിരുന്ന റേഡിയോ വഴി ആകാശവാണിയിൽ നിന്നും സംപ്രേഷണം നടത്തിയിരുന്ന വർത്തയിലൂടയായിരുന്നു.പിന്നീടത് ചില ഗൾഫുകാരുടെ വീടുകളിൽ കൂടി കേൾക്കാൻ തുടങ്ങി. വലിയ റേഡിയോകളായിരുന്നു അക്കാലത് പ്രചാരണത്തിലുണ്ടായിരുന്നത്.ശേഷം ടേപ്പ്റെക്കോർഡറുകൾ വരികയും ആളുകൾ സംസാരിക്കുന്നതും പാടുന്നതും എല്ലാം റെക്കോർഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കാൻ സൗകര്യം ആയി. അതിന് ശേഷം വിവര സാങ്കേതികതയിലുണ്ടായ വളർച്ചയിൽ ടെലിവിഷൻ പ്രചാരണത്തിൽ വരികയും വിരലിലെണ്ണാവുന്ന വീടുകളിൽ വരികയും അതിലൂടെ വാർത്തകൾ വായിക്കുന്ന ആളെകൂടി കാണുന്ന രീതിയുണ്ടായി.ശേഷം ആന്റിന വെച്ചാൽ അത് ഒരു വീട്ടുകാരുടെ പ്രൗഢി അരീകുന്ന ഒരു രീതിയായി. കാശുകാരെല്ലാം ടീവീ യും ആന്റിനയും വെച് വാർത്തകളും സിനിമകളും കാണൽ തുടങ്ങി.പിന്നീട് ഒരു കാലത് ഞാറാഴ്ചയായാൽ ടീവി യുള്ള വീടുകളുടെ ജനാലകൾ സിനിമ കാണാൻ വന്ന കുട്ടികളുടെ തിരക്കായി.കാറ്റടിച്ചാൽ ആന്റിന ഇളകിയാലോ കറണ്ട് പോയാലോ എല്ലാം നിലക്കുന്ന മട്ടിലായിരുന്നു സിനിമയും വാർത്തയും മറ്റുമൊക്കെ അന്നത്തെ കാലത് കണ്ടിരുന്നത്.വലിയ മരപെട്ടിയിൽ തീർത്ത ബ്ലാക്ക്&വൈറ്റ് ടെലിവിഷൻ ആയിരുന്നു ആദ്യകാലത്തുണ്ടായിരുന്നത് പിന്നീട് കളർ ടീവി വരികയും പ്ലാസ്റ്റിക് ഫ്രയിമുകൾ വരികയും ചെയ്തു.ആയിടക്ക് VCP&VCR വരികയും കാസറ്റുകൾ പ്ര  ാരം  ചെയ്തു. കേബിളിന്റെ വരവോടു കൂടി ദൂരദർശൻ മാത്രം കണ്ടിരുന്നയാളുകൾ കൂടുതൽ ചാനലുകൾ വിരൽത്തുന്പിൽ മന്നിമറിഞ്ഞു ഇന്നിപ്പോൾ ഒട്ടുമിക്ക വീടുകളുലും LED,LCD  ടീവി കളിൽ എണ്ണമറ്റ ചാനലുകൾ ഉപയോഗിക്കുന്നു.പണ്ടൊക്കെ ഏതൊരു വീട്ടിലും മെയിൻ വാതിലിനോട് ചേർന്ന് ഒരു തൊപ്പി കുട വെക്കാറുണ്ടായിരുന്നു അത് മഴയിൽ നിന്ന് സംരക്ഷണം നാലകനായിരുന്നെങ്കിൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും കാണും തൊപ്പിക്കുട പോലെ മലർത്തി വെച്ച ഒരു കുട അത് ടീവീ ഉള്ളതിന്റെ അടയാളമാണ്...
കാലത്തിനൊപ്പമുള്ള ശാസ്ത്ര പുരോഗതിയിൽ പലതും മാറി മറിഞ്ഞപ്പോൾ പുല്ലാരയിലുമെത്തി മൊബൈൽ ഫോൺ 2000 ത്തോടുകൂടിയാണ് മൊബൈൽ ഇന്ത്യയിൽ  വ്യാപകമായി തുടങ്ങിയത് അന്നൊക്കെ ഇൻകമിംഗിനും നിശ്ചിത സംഖ്യ കൊടുക്കണമായിരുന്നു.അന്നും ഗൾഫുകാർ തെന്നെയാ നാട്ടിലേക്ക് എത്തിച്ചത്  അവധിക്ക് വരുമ്പോൾ കൊണ്ട് വരാറുള്ള വലിയ മൊബൈൽ ഫോണുകളായിരുന്നു കയ്യിലുണ്ടയിരുന്നത് എന്നാൽ ഒട്ടുമിക്ക ഫോണുകളും ആളെ കാണിക്കാൻ മാത്രെമേ പറ്റുകയൊള്ളുമായിരുന്നുള്ളു.കാരണം സിം കാർഡ് ലഭ്യത കുറവും പുല്ലാരയിലെ നെറ്റ്‌വർക്ക് പ്രശനവും. ഇനി സിം കാർഡ് ഇട്ടാൽ തന്നെ വിളിക്കണമെങ്കിൽ മഞ്ചേരിയിലേക്കോ വള്ളുവമ്പ്രത്തെക്കോ .പിന്നെ പതിയെ കയറ്റത്തിന് മുകളിൽ റേഞ്ച് കിട്ടാൻ തുടങ്ങി. 2005 ൽ റിലൈൻസ് 501 രൂപക്ക് മൊബൈൽ മൊബൈൽ ഇറക്കിയതോടു കൂടെയാണ് പുല്ലാരയിലെ സാദാരണക്കാരും മൊബൈൽ ഫോൺ ഉപപോക്താക്കളായി മാറിയത്.ഇതിനിടിയിൽ കമ്പ്യൂട്ടർ നാട്ടിലെത്തുകയുംചെയ്തു.പുല്ലാരയിൽ അക്ഷര പദ്ധതിയുടെ തുടക്കത്തിൽ തന്നെ  അക്ഷയ സെൻറെർ ഉണ്ടായത് കൊണ്ട് കുറെ നാട്ടുകാർ കമ്പ്യൂട്ടർ സാക്ഷരത നേടുകയും ചെയ്തു. ഇന്നിപ്പോൾ പുല്ലാരയിലെ ഓരോ വെക്തികളിലും മൊബൈൽ ഫോണുണ്ടെന്നാണ്എന്റെ ഒരു അഭിപ്രായം 

3 comments:

  1. പുതു ചരിതങ്ങൾ പഠിക്കാൻ വെമ്പുന്നകാലത്ത് സ്വന്തം നാടിന്റെ ചരിത്രം നമ്മൾ വിസ്മരിക്കുന്നു............

    പഴയ ചരിത്രങ്ങൾ പുതുതലമുറക്ക് പുതുമയോടെ അവതരിപ്പിക്കാൻ ഈ ബ്ലോഗ്ഗിനാവട്ടെ...............

    ReplyDelete